Kerala
കൊച്ചി: എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രസാദമൂട്ടിന് വിളമ്പി നടന് മമ്മൂട്ടി. പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ താരം നിലവിളക്ക് തെളിച്ചശേഷമാണ് ഭക്ഷണം വിളമ്പി ചടങ്ങ് നിര്‍വഹിച്ചത്.
നാലു ദിവസം നീളുന്ന പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്യുന്നതിനു തന്നെ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
തന്റെ സാന്നിധ്യം കേരളത്തിന്റെ സാമുദായിക സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ്. മനുഷ്യമനസുകളില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകട്ടെയെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. നടി ശാന്തി മായാദേവി സന്നിഹിതയായിരുന്നു.
പദ്മഭൂഷണ്‍ പുരസ്കാരം നേടിയ മമ്മൂട്ടിയെ പൊന്നാടയണിച്ച് ക്ഷേത്രം ഭാരവാഹികള്‍ ആദരിച്ചു. പായസവും കഴിച്ചാണ് മമ്മൂട്ടി മടങ്ങിയത്. താരത്തെ നേരില്‍ കാണാനും പ്രസാദമൂട്ടില്‍ ഭാഗമാകാനും വലിയൊരു ജനക്കൂട്ടംതന്നെ ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയിരുന്നു.
Kerala
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് തീർഥാടനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടക പ്രവാഹം. കഴിഞ്ഞ ദിവസം 99,700 ഭക്തരാണ് ദർശനത്തിന് എത്തിയത്. ഞായറാഴ്ച വൈകുന്നേരം വരെ 67,000 പേർ എത്തി.
തിരക്കു വർധിച്ചതോടെ പമ്പയിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. നെയ്യഭിഷേകം പൂർത്തിയായ ഇന്ന് പതിനെട്ടാംപടി കയറാനും ദർശനത്തിനും നാലു മണിക്കൂർ വരെ തീർഥാടകർക്കു കാത്തു നിൽക്കേണ്ടി വന്നു. അതേസമയം ഈ വർഷത്തെ തീർഥാടനം തിങ്കളാഴ്ച്ച രാത്രി 10ന് പൂർത്തിയാകും.
തീർഥാടനത്തിനു സമാപനം കുറിച്ച് തിങ്കളാഴ്ച രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 6.30ന് നട അടയ്ക്കും. പന്തളം രാജപ്രതിനിധിക്കു മാത്രമാണ് അന്ന് ദർശനം ഉണ്ടാക്കുക.
Kerala
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡലകാലം കഴിഞ്ഞ് രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നട തുറന്നത്.
മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നിപകർന്ന ശേഷം തീർഥാടകർക്ക് പതിനെട്ടാം പടി തുറന്നു കൊടുത്തു. മകരവിളക്കു കാലത്തെ പൂജകൾ ബുധനാഴ്ച പുലർച്ചെ മൂന്നിന് ആരംഭിക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്.
സ്പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുള്ളതിനാൽ 2000 സ്ലോട്ടുകൾ തുറന്നു. ഇനി രണ്ടായിരം കൂടി തുറക്കും. തിരക്ക് അനുസരിച്ച് മാത്രമേ നിലയ്ക്കലിൽനിന്നു ഭക്തരെ കടത്തിവിടൂ.
സന്നിധാനത്തു ക്രമാതീതമായി തിരക്കുണ്ടെങ്കിൽ നിലയ്ക്കലിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ജനുവരി14നാണ് മകരവിളക്ക്.
Special News
നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി തിരുവിതാംകൂർ ഭരിച്ച മഹാരാജാക്കന്മാർ നടത്തിയിരുന്ന മുറജപത്തിന്റെ പുണ്യത്തിലാണ് ഇപ്പോൾ അനന്തപുരി.
തിരുവിതാംകൂറിന്റെ രാജഭരണ പാരമ്പര്യത്തിന്റെ, ചരിത്രത്തിന്റെ തുടർച്ച എന്ന പോലെ ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന മുറജപ - ലക്ഷദീപ ചടങ്ങിന് ഇക്കഴിഞ്ഞ നവംബർ 20 നാണ് തുടക്കം കുറിച്ചത്. 56 ദിവസം നീണ്ട് നില്ക്കുന്ന മുറജപത്തിനു ശേഷം 2026 ജനുവരി 14 നു ലക്ഷം ദീപങ്ങളിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ജ്വലിച്ചു നിൽക്കുന്ന ലക്ഷദീപം നടക്കും.
നൂറുകണക്കിന് ഓതിക്കന്മാർ ( വേദപണ്ഡിതരായ നമ്പൂതിരിമാർ ) ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്ന് വേദങ്ങൾ മുറപ്രകാരം പാരായണം ചെയ്യുന്നതാണ് മുറജപം. എട്ട് ദിവസങ്ങൾ വീതം നീളുന്ന ഏഴു മുറകൾ ആയിട്ടാണ് മുറജപം നടക്കുന്നത്. ഓരോ എട്ടാം ദിവസവും മുറശിവേലിയും നടക്കും. വേദപാരായണത്തോടൊപ്പം ക്ഷേത്രത്തിൽ നടക്കുന്ന വിഷ്ണു സഹസ്രനാമ ജപവും ഏറെ പ്രധാനമാണ്.
നാടിന്റെ ശ്രേയസിനും പ്രജകളുടെ ക്ഷേമത്തിനും വേണ്ടിയാണ് വേദമന്ത്രോച്ചാര ണങ്ങൾ എന്ന് വിശ്വാസം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ പത്മതീർഥ കുളത്തിലാണ് ജലജപം നടക്കുന്നത്. പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽനിന്നു രാജ്യത്തെ രക്ഷിക്കുവാൻ ആണ് ജലജപം നടത്തുന്നത് എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.
അനിഴം തിരുനാൾ മാർത്താണ്ഡവർമ (1706 -1758) മഹാരാജാവ് തുടക്കം കുറിച്ചതാണ് മുറജപം എന്ന് ചരിത്ര പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാർത്താണ്ഡവർമ വലിയൊരു യുദ്ധ തന്ത്രജ്ഞനുമായിരുന്നു.
ആഭ്യന്തര കലഹങ്ങളെ അടിച്ചമർത്തുകയും യുദ്ധത്തിലൂടെ രാജ്യം വികസിപ്പിക്കുകയും ചെയ്ത മഹാരാജാവ് പാപപ്രായശ്ചിത്തമായും മുറജപത്തെ കണ്ടിരുന്നു. ആയിരക്കണക്കിന് ആളുകൾ കൊലചെയ്യപ്പെടുകയും നിരവധി പേർ അനാഥരാവുകയും ചെയ്ത യുദ്ധങ്ങൾക്കുള്ള പാപ പ്രായശ്ചിത്തം... തിരുവിതാംകൂർ രാജ്യം ശ്രീപത്മനാഭനു തൃപ്പടിദാനമായി സമർപ്പിച്ച മാർത്താണ്ഡവർമ മഹാരാജാവിന്റെ മറ്റൊരു സമർപ്പണം ആയും മുറജപത്തെ കണക്കാക്കാം.
വൻ ഒരുക്കങ്ങളോടെയും ആഡംബരത്തോടെയും ആണ് രാജഭരണകാലത്ത് മുറജപം നടന്നിരുന്നത്. മുറജപം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ പൂജയ്ക്കും ഭക്ഷണത്തിനും ആവശ്യമുള്ള പൂക്കളും അരിയും പഴക്കുലകളും മറ്റും വിളയിക്കുവാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു.
ആയിരക്കണക്കിന് നമ്പൂതിരിമാരും പരികർമികളും പങ്കെടുക്കുന്ന ചടങ്ങ് ആയിരുന്നതിനാൽ തന്നെ വൻ സജ്ജീകരണങ്ങളാണ് അവരുടെ താമസം, ഭക്ഷണം തുടങ്ങിയവയ്ക്കായി നാട്ടിൽ ഒരുക്കിയിരുന്നത്. തിരുവനന്തപുരം നഗരം മുഴുവൻ മുറജപക്കാരായ നമ്പൂതിരിമാരെ കൊണ്ടും മന്ത്രോച്ചാരണങ്ങൾ കൊണ്ടും നിറഞ്ഞിരുന്നുവത്രേ!
മുറജപത്തിന് മുൻപ് പത്മതീർഥം ഉൾപ്പെടെ നാടെങ്ങും ഉള്ള കുളങ്ങൾ വൃത്തിയാക്കും. ക്ഷേത്രത്തിനുള്ളിലും പുറത്തും പൂജാമണ്ഡപങ്ങളും പന്തലുകളും കെട്ടിയുയർത്തുകയും ചെയ്തിരുന്നു. ഇത്തരം തയാറെടുപ്പുകൾക്കുള്ള ചുമതല നിർവഹിച്ചിരുന്നത് അന്നത്തെ പാർവതീയാർമാർ ആയിരുന്നു. (ഇന്നത്തെ വില്ലേജ് ഓഫീസർ)
തിരുനാവായി, തൃശൂർ എന്നീ വടക്കൻ പ്രദേശങ്ങളിലെ വാധ്യാന്മാരെ മുറജപത്തിന് മേൽനോട്ടം നൽകുന്നതിനായി ക്ഷണിക്കാൻ പ്രത്യേക കൊട്ടാര ദൂതന്മാരെ അയച്ചിരുന്നതായും രേഖകളിൽ ഉണ്ട്. അഴ്വാഞ്ചേരി തമ്പ്രാക്കളുടെ അനുഗ്രഹവും വാങ്ങിയിരുന്നു.
Kerala
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ച ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ. ഇയാളെ ഫോർട്ട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇയാളുടെ രേഖകൾ ഉൾപ്പടെ പോലീസ് പരിശോധിച്ചു. സ്മാർട്ട് ഫോൺ സ്ക്രീനിൽ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാൻ കഴിയും വിധമുള്ള ഗ്ലാസിൽ കാമറയുണ്ടെന്ന് പോലീസ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് കാമറയുള്ള കണ്ണടയുമായി കയറിയ ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിരുന്നു. കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പോലീസ് പരിശോധന നടത്തിയപ്പോഴാണ് കാമറ കണ്ടെത്തിയത്.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്ഷേത്രദർശനത്തിന് പോയതിനു പിന്നാലെ പാഞ്ഞ് പോലീസ് സംഘം. അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ രാഹുൽ പുറത്തിറങ്ങിയതോടെ പോലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു.
ഷാഡോ പോലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്. രാഹുൽ എവിടേക്ക് യാത്ര ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനുള്ള നിർദേശം ലഭിച്ചതിനാൽ പോലീസ് സംഘം രാഹുലിനു പിന്നാലെ പോവുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തുകയും ചെയ്തു. അതേസമയം രാഹുലിനെതിരായ രണ്ട് കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനാൽ രാഹുലിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കേസിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോകരുതെന്നും പ്രത്യേക അന്വേഷണ സംഘം രാഹുലിന് നിർദേശം നൽകി.
National
ജയ്പുർ: രാജസ്ഥാനിൽ ഏഴ് വയസുകാരനെ പുലി കൊന്നു. സവായ് മധോപുരിലെ രന്തംബോറിലെ ആറ്റില ബാലാജി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വിക്രം ബഞ്ചാര ആണ് കൊല്ലപ്പെട്ടത്.
പിതാവിനൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിതാവിന്റെ നിലവിളി കേട്ടെത്തിയ ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 25-30 കുടുംബങ്ങൾ താമസിക്കുന്ന ബഞ്ചാര സെറ്റിൽമെന്റിന് സമീപമാണ് സംഭവം നടന്നത്.
"സംഭവം ദാരുണമാണ്. കുടുംബത്തിന് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ലഭിക്കും. ആക്രമണം നടത്തിയത് പുള്ളിപ്പുലിയാണെന്ന് വ്യക്തമാണ്. ക്ഷേത്രത്തിനടുത്തുള്ള ഹാൻഡ് പമ്പിന് സമീപത്തു നിന്നാണ് കുട്ടിയെ കൊണ്ടുപോയത്'.- ഡിഎഫ്ഒ മാനസ് സിംഗ് പറഞ്ഞു.
Kerala
പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജയോടനുബന്ധിച്ച് ശബരിമലയിൽ ഭക്തജന പ്രവാഹം. ഇതുവരെ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു.
തീര്‍ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകുന്നേരം ഏഴു വരെ 79707 പേരാണ് മലകയറിയത്. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല് സുഖദര്‍ശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീര്‍ഥാടകര്‍ മലയിറങ്ങുന്നത്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
District News
കൊല്ലം: ചവറ പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ ഇനി ഭക്തർക്ക് കാണിക്ക ഇടാൻ നോട്ടും നാണയവും കരുതേണ്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജിയൻ ഓഫീസി െ ന്റ നേതൃത്വത്തിൽ ക്ഷേത്ര മുറ്റത്തു സ്ഥാപിച്ച ഇ-ഹുണ്ടി വഴി ഡിജിറ്റലായി കാണിക്ക അർപ്പിക്കാം.
ക്ഷേത്രത്തിലെ ഇ- കാണിക്കയുടെ ഉദ്ഘാടനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജണൽ മാനേജർ ജി. എൽ. ശ്രീജിത്ത് നിർവഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി. അനിൽ ജോയ്, സെക്രട്ടറി പി. സജി, ഖജാൻജി ആർ. സത്യനേശൻ, എസ് ബി ഐ ചവറ ടൗൺ ബ്രാഞ്ച് മാനേജർ എസ്. സുജിത, ഡിജിറ്റൽ ഓഫീസർ സോണി സോമൻ, ക്ഷേത്ര ട്രസ്റ്റ് ബോർഡംഗങ്ങൾ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു. ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സംഭാവനകൾ നൽകാനുള്ള അവസരം കൂടിയാണ് എസ്ബിഐ യുടെ ഇ - കാണിക്ക സൗകര്യം.
National
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തുപേർ മരിച്ച സംഭവത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. കാസിബുഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്.
ക്ഷേത്രം നിര്‍മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണവും ഇന്ന് മുതൽ ആരംഭിക്കും. ഉൾക്കൊള്ളാവുന്നതിന്റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് ദുരന്തത്തിന് വഴിവച്ചത്.
ദുരന്തത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടും.
National
ലക്നോ: യുപിയിലെ ബാരാബങ്കിയിലുള്ള അസനേഷ്യര് ക്ഷേത്രത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം.
ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്ന കുരങ്ങന് വൈദ്യുതി ലൈനില്‍ പിടിച്ചുവലിച്ചതോടെ ഇത് പൊട്ടി സമീപത്തെ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. അപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 29 പേര്‍ക്ക് പരിക്കറ്റതായാണ് വിവരം.